കൂനമ്മാവ്‌ - Koonammavu


#കൂനമ്മാവ്‌

വരാപ്പുഴയിൽ നിന്ന്‌ പറവൂർക്ക്‌ പോകുന്ന ദേശീയപാതയിൽ വരാപ്പുഴയിൽ നിന്ന്‌ അധികം അകലെയല്ല ഈ സ്ഥലം. കേരളത്തിലെ കത്തോലിക്ക സഭയുടെ ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുണ്ട്‌ കൂനമ്മാവിന്‌.
‘കൂനൻ മാവ്‌’ ആണ്‌ ‘കൂനമ്മാവ്‌’ ആയതെന്ന്‌ കരുതപ്പെടുന്നു. ഇടപ്പള്ളിക്കും കളമശ്ശേരിക്കും ഇടയിൽ കൂനൻതൈ എന്നൊരു സ്ഥലമുണ്ട്‌. കുന്നംകുളത്തിനടുത്ത്‌ കൂനൻമൂച്ചിയും. കുന്നംകുളത്തിന്റെ തന്നെ പഴയ പേര്‌ ‘കൂനൻകുളങ്ങര’ എന്നായിരുന്നുവെന്നും പറയപ്പെടുന്നു. തിരുവനന്തപുരം ജില്ലയിൽ കൂനൻവേങ്ങയും ഉണ്ട്‌. ഈ സ്ഥലപ്പേരുകളിലെല്ലാം പ്രത്യക്ഷപ്പെടുന്ന ‘കൂനൻ’ ചരിത്രാതീത കാലത്തെ ഏതോ ദ്രാവിഡ ദേവനായിരിക്കുമോ എന്നും വി.വി.കെ. വാലത്ത്‌ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്‌.
അതെന്തുമാകട്ടെ, കൂനമ്മാവിന്‌ പേരുണ്ടായതിനെപ്പറ്റി വളരെ പ്രചാരത്തിലുള്ള ഒരു പഴങ്കഥയുണ്ട്‌. 1790-ൽ ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ സുൽത്താൻ ഇവിടെ ഒരു മാവിന്റെ തണലിൽ കുതിരയെ കെട്ടിയശേഷം വാൾ താഴെ വച്ച്‌ വിശ്രമിച്ചുവത്രെ. അത്‌ ഒരു കൂനുള്ള, അഥവാ വളവുള്ള മാവ്‌ ആയിരുന്നു. വിശ്രമം കഴിഞ്ഞ്‌ കുതിരപ്പുറത്തു കയറി പോയപ്പോൾ ടിപ്പു വാളെടുക്കാൻ മറന്നു. കാര്യം ഓർമവന്നപ്പോൾ ഭടനെ പറഞ്ഞയച്ച്‌ കൂനുള്ള മാവിനടുത്തുനിന്ന്‌ വാൾ എടുപ്പിച്ചു. അതിനു ശേഷമാണത്രെ വഴിയരികിലുള്ള കൂനൻമാവ്‌ നിന്ന സ്ഥലവും പരിസരവും ‘കൂനൻമാവ്‌’ എന്നറിയപ്പെട്ടത്‌. ഇതിൽ സത്യമുണ്ടോ എന്നതിലേ സംശയമുള്ളു.
വരാപ്പുഴ അതിരൂപതയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു പണ്ടിവിടം, കർമലീത്ത സന്ന്യാസിമാരുടെ ആസ്ഥാനവും. 1837-ലാണ്‌ കൂനമ്മാവ്‌ സെയ്‌ന്റ്‌ ഫിലോമിനാസ്‌ പള്ളി സ്ഥാപിക്കപ്പെട്ടത്‌. 1968-ൽ ഇത്‌ അഗ്നിക്കിരയാവുകയും 1979-ൽ പുതുക്കിപ്പണിയുകയും ചെയ്തു.
ഇറ്റാലിയൻ കർമലീത്ത മിഷനറിമാർ വരുന്നതിന്‌ ഏറെക്കാലം മുമ്പുതന്നെ കൂനമ്മാവിനും സമീപ പ്രദേശങ്ങൾക്കും വിദേശവ്യാപാര ബന്ധമുണ്ടായിരുന്നിരിക്കണം. കാരണം, ഇതിനടുത്തുള്ള ‘വള്ളുവള്ളി’ (വള്ളുവരുടെ പള്ളി അഥവാ അമ്പലം ഉണ്ടായിരുന്നതിനാലാണത്രെ ‘വള്ളുവർ പള്ളി’ എന്നു പേരുണ്ടായത്‌. അത്‌ പിന്നീട്‌ ‘വള്ളുവള്ളി’ ആയി. വള്ളുവള്ളിയിൽ നിന്ന്‌ പ്രാചീന റോമൻ സ്വർണ നാണയങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്‌. ഇത്‌ രണ്ടാം നൂറ്റാണ്ടിലേതാണെന്ന്‌ കരുതപ്പെടുന്നു. ചെമ്മായം, തോപ്പിൽവെളി എന്നിവിടങ്ങളിൽ വീടിന്‌ വാരം തോണ്ടിയപ്പോൾ നന്നങ്ങാടികളും കണ്ടെടുക്കപ്പെടുകയുണ്ടായി.
മലയാള പത്രപ്രവർത്തന ചരിത്രത്തിൽ മുഖ്യസ്ഥാനം വഹിക്കുന്ന ‘സത്യനാദകാഹളം’ 1876 ഒക്ടോബർ 12-ന്‌ കൂനമ്മാവിൽ നിന്നാണ്‌ പ്രസിദ്ധീകരണമാരമഭിച്ചത്‌. കർമലീത്ത മിഷണറിമാർ നടത്തിയിരുന്ന ഇതിന്റെ ആദ്യ പത്രാധിപർ ഫാദർ കാന്തിദൂസ്‌ ആയിരുന്നു. ആദ്യ മുഖപ്രസംഗത്തിൽ പത്രത്തിന്റെ ലക്ഷ്യം ഇങ്ങനെ വിവരിക്കുന്നു: ‘ഇഹലോക-പരലോക സർവഭാഗ്യങ്ങൾക്കും മുഖ്യവഴിയായ ബഹുവിധ സത്യജ്ഞാനങ്ങളെ നൽകുന്നതു സത്യപത്രം ഒന്നാകുന്നതും അതില്ലാത്ത നിമിത്തം നമ്മുടെ കത്തോലിക്ക സത്യവേദ സഹോദരന്മാർ ജ്ഞാനത്താലുണ്ടാകേണ്ടുന്ന പൂർണ ഭാഗ്യത്തെ നേടാതിരിക്ക തന്നെയല്ല സത്യത്തെ മുഖ്യമായി കരുതാത്ത ചില വർത്തമാന പത്രങ്ങളിൽ ചില അബദ്ധമായ അറിവു സമ്മാനിച്ച സന്തോഷഹീനന്മാരാവാനിടയുള്ളതെന്നും ബോധിച്ച ഈ സത്യനാദ കാഹളത്തെ പ്രസിദ്ധപ്പെടുത്തുന്നതിന്‌ ആഗ്രഹമായി അതിനുള്ള സൂചകം പ്രസിദ്ധപ്പെടുത്തി.....’
പ്രൊട്ടസ്റ്റന്റുകാരുടെ കത്തോലിക്ക വിരുദ്ധ പ്രചാരത്തിന്‌ തടയിടുക എന്നതും ഈ പത്രത്തിന്റെ മുഖ്യലക്ഷ്യമായിരുന്നു. മൂന്നു കൊല്ലത്തിനു ശേഷം ഇതിന്റെ പ്രസിദ്ധീകരണം വരാപ്പുഴയിലേക്കും 12 കൊല്ലം കഴിഞ്ഞ്‌ എറണാകുളത്തേക്കും മാറ്റി. 1970-ൽ ഇത്‌ ‘കേരള ടൈംസി’നോട്‌ കൂട്ടിച്ചേർത്ത്‌ ‘സത്യനാദം’ എന്ന് പേരു ചുരുക്കി ഞായറാഴ്ച പതിപ്പാക്കി. പിന്നീട്‌ കേരള ടൈംസും നിലച്ചു. 1892-ൽ കൂനമ്മാവിൽ തുടക്കമിട്ട പ്രാഥമിക വിദ്യാലയമാണ്‌, പിന്നീട്‌ എറണാകുളത്തേക്ക്‌ പറിച്ചുനട്ട്‌ വളർന്നു വലുതായ ഇന്നത്തെ സെയ്‌ന്റ്‌ ആൽബർട്‌സ്‌ ഹൈസ്കൂൾ.
‘പ്രിയൂരി’ മാങ്ങ കേരളത്തിൽ കൊണ്ടുവന്നത്‌ ചാവറയച്ചൻ ആണെന്നൊരു കഥയുണ്ട്‌. പത്രത്തിന്‌ അച്ചടിമഷി വാങ്ങാനായി ഗോവയിൽ പോയ അച്ചന്‌ അവിടെവെച്ച്‌ ആരോ ഒരുകൂട മാമ്പഴം സമ്മാനിക്കുകയും അതിന്റെ സ്വാദ്‌ ഇഷ്ടപ്പെട്ട അച്ചൻ കേരളത്തിൽ കൊണ്ടുവന്നു. മാങ്ങാണ്ടികൾ തന്റെ കീഴിലുള്ള ആശ്രമങ്ങളിൽ നട്ടുവളർത്തുകയും ചെയ്തു. കായ്‌ച്ച്‌ പഴുത്തപ്പോൾ മാമ്പഴങ്ങൾക്ക്‌ നല്ല മധുരം. ‘പ്രിയോർ’ കൊണ്ടുവന്ന മാങ്ങയ്ക്ക്‌ ‘പ്രിയോറി’ മാങ്ങ എന്ന്‌ പേരും കിട്ടിയത്രെ.
കേരള ധനകാര്യ മന്ത്രിയായിരുന്ന കെ.ടി. ജോർജ്‌ കൂനമ്മാവുകാരനായിരുന്നു. 1972 ഏപ്രിൽ 3-ന്‌ നിയമസഭയിൽ ബജറ്റ്‌ അവതരിപ്പിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണാണ്‌ അദ്ദേഹം മരിച്ചത്‌. തിരുകൊച്ചി ആരോഗ്യമന്ത്രിയായിരുന്ന ഡോ. ഇ.കെ. മാധവനും ഈ നാട്ടുകാരൻ ആയിരുന്നു. 


 

Comments