#കോട്ടുവള്ളി
പറവൂരിനടുത്തുള്ള പഞ്ചായത്താണ് കോട്ടുവള്ളി. ദേശീയപാത പതിനേഴിന്റെ ഇരുവശത്തുമായി കിടക്കുന്നു കോട്ടുവള്ളി ഗ്രാമം. തെക്ക് വരാപ്പുഴ, ആലങ്ങാട്, ഏഴിക്കര പഞ്ചായത്തുകൾ. വടക്ക് പറവൂർ മുനിസിപ്പാലിറ്റിയും ചിറ്റാറ്റുകര പഞ്ചായത്തും. കിഴക്ക് ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തുകൾ. പടിഞ്ഞാറ് പറവൂർ മുനിസിപ്പാലിറ്റിയും ഏഴിക്കര പഞ്ചായത്തും. ഇവയാണ് കോട്ടുവള്ളി പഞ്ചായത്തിന്റെ നാല് അതിരുകൾ.
ആദ്യകാലത്ത് ഈ പ്രദേശങ്ങൾ കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു. കേരള സംസ്ഥാന രൂപവത്‌കരണ സമയത്ത് കേരളത്തിൽ ആകെ അഞ്ചു ജില്ലകൾ മാത്രമാണല്ലോ (തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ, മലബാർ) ഉണ്ടായിരുന്നത്. 1958-ൽ കോട്ടുവള്ളിയും പറവൂരുമൊക്കെ തൃശ്ശൂർ ജില്ലയുടെ ഭാഗമായി. എറണാകുളം ജില്ല ഉണ്ടായപ്പോൾ എറണാകുളത്തിന്റെ ഭാഗവും. പഴയ ആധാരങ്ങളിൽ കോട്ടയം ജില്ല, തൃശ്ശൂർ ജില്ല എന്നൊക്കെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവിതാംകൂറിൽ ആദ്യമായി രൂപവത്‌കരിക്കപ്പെട്ട ഒമ്പത് വില്ലേജ് യൂണിയനുകളിൽ ഒന്നായിരുന്നു കോട്ടുവള്ളി വില്ലേജ് യൂണിയൻ. കോട്ടുവള്ളി എന്ന പേരിൽ വില്ലേജുണ്ട് ഇപ്പോൾ.
‘കൊട്ടവള്ളി’ എന്നായിരുന്ന ഈ ദേശത്തിന്റെ പണ്ടത്തെ പേര്. കൊട്ടവള്ളി പറഞ്ഞുപറഞ്ഞ് ‘കൊട്ടുവള്ളി’യും ഒടുവിൽ ‘കോട്ടുവള്ളി’യും ആയി തീർന്നതായിരിക്കണം. അങ്ങനെ പേരുണ്ടാകാനും കാരണമുണ്ട്. പണ്ടിവിടെ കുന്നുകളും ചതുപ്പുകളും നിറഞ്ഞ പ്രദേശം ആയിരുന്നു. കടൽസാമീപ്യമുള്ളതുകൊണ്ട് ഒാരും ജലാശയവുമുള്ള മണ്ണ്. കൊട്ട, മുറം, പനമ്പ്, പായ തുടങ്ങിയവയുടെ നിർമാണത്തിനാവശ്യമായ തഴകളും വള്ളികളും ഇടതൂർന്ന് തഴച്ചുവളർന്നുനിന്നിരുന്നു എല്ലായിടത്തും. കൊട്ടയും വട്ടിയും തഴപ്പായയുമൊക്കെ നെയ്യുന്ന പറയ ജാതിക്കാരും ധാരാളം ഉണ്ടായിരുന്നു. ഇങ്ങനെ കൊട്ടയുണ്ടാക്കുന്ന വള്ളിയും തഴയും വളർന്നിരുന്ന സ്ഥലമെന്ന നിലയ്ക്കാണ് ഇവിടം ‘കൊട്ടവള്ളി’ എന്നറിയാൻ തുടങ്ങിയത്. ഇവിടെയുണ്ടാക്കുന്ന പായും കൊട്ടയുമൊക്കെ അന്ന് വള്ളത്തിൽ കയറ്റി ദൂരദേശങ്ങളിലേക്കു പോലും കൊണ്ടുപോയിരുന്നുവത്രെ.
കാടും കുന്നും ചതുപ്പും ഇടതൂർന്നു വളരുന്ന കാട്ടുവള്ളികളും മരങ്ങളും നിറഞ്ഞ പ്രദേശം പിന്നീട് കുന്നിടിച്ച് നിരത്തിയും തോടുകൾ കീറിയും സമതല ജനവാസഭൂമിയായി മാറുകയായിരുന്നുവെന്നു വേണം അനുമാനിക്കാൻ. ചതുപ്പുകൾ പൊക്കാളിപ്പാടങ്ങളും മീൻവളർത്തൽ കേന്ദ്രങ്ങളുമായി ക്രമേണ രൂപാന്തരപ്പെട്ടു. ഓരുവെള്ളവും വളക്കൂറുള്ള ചെളിമണ്ണും നെൽകൃഷിക്ക് തികച്ചും അനുയോജ്യമായിരുന്നു. അങ്ങനെ കൃഷി ഇവിടത്തുകാരുടെ മുഖ്യ ജീവനോപാധിയായി മാറി. ചെറിയപ്പിള്ളി പുഴ പഞ്ചായത്തിലൂടെ കടന്നുപോകുന്നതിനാൽ ഒരിക്കലും ജലത്തിന് പഞ്ഞവുമില്ല. നെല്ലും തെങ്ങും തഴച്ചുവളർന്ന് ഗ്രാമത്തെ ഫലഭൂയിഷ്ഠമാക്കി. മീൻ പിടിത്തവും ചിലർക്ക് നിത്യത്തൊഴിലായി മാറി. തോടും കുളങ്ങളും ഉള്ളതിനാൽ തൊണ്ട് ചീയിച്ച് ചകിരിനാരാക്കി കയറുപിരിക്കുന്ന ജോലിയും ഉണ്ടായിരുന്നു. കൂട്ടത്തിൽ കളിമൺപാത്ര നിർമാണവും. കോട്ടുവള്ളി പഞ്ചായത്തിൽപ്പെട്ട ‘കൈതാരം’ എന്ന സ്ഥലം പണ്ട് വ്യാപകമായി കൈതകൃഷി നടന്നിരുന്ന സ്ഥലമായിരുന്നു. ‘കൈതാരം’ എന്ന പേരുണ്ടായതുതന്നെ കൈതോലകൾ നിറഞ്ഞ പ്രദേശമായതുകൊണ്ടാണ്. കൈതയുടെ ഓലയുപയോഗിച്ചാണ് തഴപ്പായകൾ നെയ്തിരുന്നത്.
കോട്ടുവള്ളിക്കാവ് പ്രശസ്തിയാർജിച്ചത് എല്ലാവർഷവും ഭരണി ഉത്സവത്തോടനുബന്ധിച്ച് നടക്കാറുള്ള ‘ആയിരംതിരി’ പൂജയുടെയും ആൾത്തൂക്കത്തിന്റെയും പേരിലാണ്. പണ്ട് തൂക്കക്കാരൻ മുതുകിലെ തൊലി തുളച്ചാണ് തൂക്കച്ചാടിന്റെ കൊളുത്ത് കോർത്തിരുന്നത്. എന്നാൽ, നിയമപരമായ നിരോധനം വന്നശേഷം മുതുകിൽ തുണിക്കച്ച കെട്ടിയാണ് ഇപ്പോൾ ചാടേറ്റുന്നത്. തൂക്കം നടക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നായതിനാൽ കോട്ടുവള്ളിക്കാവ് ഭരണിക്ക് നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് ആളുകൾ എത്താറുണ്ട്.
തൃക്കപുരം ദേവീക്ഷേത്രത്തിന് ഏഴു നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.‘തൃക്കൺപുരം’ എന്നത് ലോപിച്ചാണ് തൃക്കപുരം’ ആയത്. ശിവലിംഗ രൂപത്തിൽ തൃക്കണ്ണും ചന്ദ്രക്കലയും മുകളിൽ നാഗഫണവുമുള്ള ദേവീ വിഗ്രഹമാണിവിടെ. ക്ഷേത്രത്തിൽ ശിവചൈതന്യം ഉണ്ടെന്നാണ് വിശ്വാസം. ‘ഒതളങ്ങയേറും ചൂട്ടുപടയണിയും’ഇവിടത്തെ ഉത്സവത്തിന്റെ പ്രത്യേതകളാണ്. കൊടിയേറ്റ ദിവസം ഭക്തർ രണ്ടു ചേരിയായി തിരിഞ്ഞ് ഉണക്കിച്ചുട്ട ഒതളങ്ങ കൂമ്പാരമാക്കിയിട്ട് കൈകൊണ്ടെടുത്ത് ആർപ്പുവിളികളോടെ പരസ്പരം എറിയുന്നു. കൗതുകകരമാണീ ഒതളങ്ങയേറ്. വെളുപ്പിനാണ് ചൂട്ടുപടയണി. തെങ്ങോല ഉണക്കിക്കെട്ടി വലിയ ചൂട്ടുകളാക്കി കത്തിച്ചുപിടിച്ചുകൊണ്ട് ഭക്തന്മാർ ആരവത്തോടെ ദേവീസ്തോത്രം ചൊല്ലി അമ്പലത്തിന് ചുറ്റും വലംവച്ച് മൂന്നുവട്ടം ഓടുന്നു. ദാരികനെ വധിച്ച് ഭദ്രകാളി യുദ്ധവിജയം ആഘോഷിക്കുന്നതിന്റെ പ്രതീകാത്മക ചടങ്ങാണിത്
1820-ൽ ഫാ. നിക്കളോസിന്റെ നേതൃത്വത്തിൽ കർമലീത്ത സന്ന്യാസിമാർ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിൽ കോട്ടുവള്ളിയിൽ പനമ്പുകൊണ്ട് ഒരു കപ്പേള നിർമിച്ചു. 1893-ൽ അത് ഓലമേഞ്ഞ കുരിശുപള്ളിയായി. ഇന്നു കാണുന്ന സെയ്‌ന്റ് സെബാസ്റ്റ്യൻ ചർച്ച് 1973-ലാണ് നിർമാണം പൂർത്തിയാക്കിയത്. തത്തപ്പിള്ളയിൽ ആനയെഴുന്നള്ളിപ്പോടെ ചന്ദനക്കുട ഉത്സവം നടക്കാറുള്ള ഒരു മുസ്‌ലിം പള്ളിയുമുണ്ട്.

Comments
Post a Comment