കോട്ടുവള്ളി പഞ്ചായത്തിലാണ് വള്ളുവള്ളി... പറവൂരിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ തെക്കോട്ടുപോകണം... തനി നാട്ടിൻപുറം. പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ‘കോകസന്ദേശ’ത്തിൽ പരാമർശിക്കപ്പെടുന്ന ‘വള്ളുളി’ ഒരുപക്ഷേ, ഇന്നത്തെ ഈ വള്ളുവള്ളി തന്നെയായിരിക്കാം. 88-ാം ശ്ലോകത്തിൽ ഒരു ‘വള്ളുളി തമ്പുരാനെ’പ്പറ്റി പറയുന്നുണ്ട്. ഇത് അക്കാലത്ത് വള്ളുവള്ളിയിൽ ജീവിച്ചിരുന്ന, പ്രതാപിയായ ഒരു ഭൂപ്രഭുവാണെന്നും അതല്ല, സാക്ഷാൽ ‘തിരുമുപ്പത്തപ്പൻ’ തന്നെയാണെന്നും രണ്ടഭിപ്രായങ്ങളുണ്ട്. ‘കോകസന്ദേശ’ വ്യാഖ്യാതാവായ ഇളംകുളം കുഞ്ഞൻ പിള്ളയുടെ പക്ഷം, ‘അന്ന് വള്ളുവള്ളിയിൽ ഉണ്ടായിരുന്ന ഏതെങ്കിലും ക്ഷേത്രത്തിലെ ദേവനായിരിക്കാം’ എന്നാണ്. അതേസമയം, ‘ഉളിയന്നൂർ’ ക്ഷേത്രത്തിലെ ദേവനാണിതെന്ന് എൻ.വി. കൃഷ്ണവാരിയർ പറയുന്നു. കോകസന്ദേശത്തിൽ പറയുന്ന ഉളനാട് ‘വള്ളുവള്ളിക്കുന്ന്’ ആണ്.
‘വള്ളുവരുടെ പള്ളി’ നിന്നിരുന്ന സ്ഥലമായതിനാൽ ഇവിടം ‘വള്ളുവർ പള്ളി’ എന്നറിയപ്പെട്ടെന്നും അത് പിന്നീട് ‘വള്ളുപള്ളി’ യും ഒടുവിൽ ‘വള്ളുവള്ളി’ യും ആയി എന്നും പറയപ്പെടുന്നു. സ്ഥലനാമ ചരിത്രകാരനായ വി.വി.കെ. വാലത്ത് ഇതിനോട് യോജിക്കുന്നു. ഒരുപക്ഷേ, പണ്ടിവിടെ ബുദ്ധമതക്കാരുടെ പള്ളി (ദേവാലയം) നിലനിന്നിരുന്നിരിക്കാം. ഇതിനടുത്ത കോട്ടുവള്ളിയിലും തത്തപ്പിള്ളിയിലും ചെറിയപ്പിള്ളിയിലുമൊക്കെ ഇത്തരം ‘പള്ളി’ കൾ ഉണ്ടായിരുന്നിരിക്കാം.
ഇനി, ‘തിരുക്കുറൾ’ രചിച്ച ‘തിരുവള്ളുവർ’ ആണോ ഈ വള്ളുവർ എന്നറിയില്ല. തിരുവള്ളുവർ തന്നെ ‘പറയിപെറ്റ പന്തിരുകുല’ത്തിലെ ‘വള്ളോൻ’ ആയിരുന്നുവെന്നും ഒരു വാദമുണ്ട്. ഇതിന് വലിയ തെളിവൊന്നുമില്ലെങ്കിലും എന്തായാലും തിരുവള്ളുവരുടെയും വള്ളോന്റെയും ജീവിതകാലം ഒന്നുതന്നെയാണ്, ക്രിസ്തുവിനു മുമ്പ് രണ്ടാം നൂറ്റാണ്ട്. പന്തിരുകുലത്തിലെ മറ്റു രണ്ടംഗങ്ങളായ ‘പെരുന്തച്ച’ന്റെ ഉളിയന്നൂരിലേക്കും ‘അകവൂർ ചാത്ത’ന്റെ വെള്ളാരപ്പള്ളിയിലേക്കും ഇവിടെനിന്ന് വലിയ അകലമില്ല. ‘നാറാണത്ത് ഭ്രാന്തൻ’ പ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്ന ‘നാറാണത്ത് ക്ഷേത്ര’വുമുണ്ട് അധികം ദൂരെയല്ലാതെ, ഏലൂരിൽ.
പന്തിരുകുലത്തിൽപ്പെട്ട ‘പാക്കനാർ’ക്കും ‘ഉളിയന്നൂർ തച്ച’നും ‘വായില്ലാക്കുന്നിലപ്പ’നും ‘നാറാണത്ത് ഭ്രാന്ത’നും ക്ഷേത്രങ്ങളുള്ള സ്ഥിതിക്ക്, പണ്ടിവിടെ വള്ളോനും ഒരു ക്ഷേത്രമുണ്ടായിരുന്നു എന്നു വേണമെങ്കിൽ സങ്കല്പിക്കാം. ‘വള്ളുവച്ചിന്ത്’ എഴുതിയ ‘കീഴ്‌ജാതിമുനി’ എന്ന് വരരുചി പുത്രനായ വള്ളോനെപ്പറ്റി ‘ശബ്ദതാരാവലി’ യിൽ വിശേഷിപ്പിക്കുന്നു. വള്ളോൻ ജ്യോത്സ്യനും മന്ത്രവാദിയും വൈദ്യനുമായിരുന്നുപോലും. എങ്കിൽ അക്കാലത്ത് വള്ളോന് ഒരു ക്ഷേത്രം നിർമിച്ചെങ്കിൽ അതിലത്ഭുതമില്ലല്ലോ.
ഇനി കുറെക്കൂടി യുക്തിസഹമായ ഒരു അഭിപ്രായം കൂടിയുണ്ട് ഈ സ്ഥലപ്പേരിന്റെ ഉത്‌പത്തിയെപ്പറ്റി. കോട്ടുവള്ളി എന്ന പേരുണ്ടായത് ‘കോട്ടവള്ളി’യിൽ നിന്നാണ്. കുട്ടയും മുറവുമൊക്കെ ഉണ്ടാക്കാനുപയോഗിക്കുന്ന വള്ളികൾ ധാരാളമായി തഴച്ചുവളർന്ന് നിന്നിരുന്നതിനാലാണ് ഈ സ്ഥലത്തിന് അങ്ങനെ പേരുവീണത്. കോട്ടുവള്ളിക്കടുത്താണ് വള്ളുവള്ളിയും.
‘വള്ള’ എന്നാൽ ‘വലിയ’ എന്നർത്ഥമുണ്ട്. അക്കണക്കിന് വലിയ വള്ളികൾ വളർന്ന് നിന്നിരുന്നിടമായിരുന്നിരിക്കാം ‘വള്ളുവള്ളി’ ആയത്.
ഏതാണ്ട് അമ്പത് വർഷം മുമ്പ് വള്ളുവള്ളിയിൽ മണ്ണ് കുഴിച്ചപ്പോൾ വളരെയധികം സ്വർണനാണയങ്ങൾ കണ്ടെടുക്കുകയുണ്ടായി. ഇവയൊക്കെ ഇപ്പോൾ പുരാവസ്തുവകുപ്പിന്റെ സൂക്ഷിപ്പിലാണ്. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിലെ റോമൻ നാണയങ്ങളാണിവയിലധികവും. ‘വള്ളുളി തമ്പുരാനെ’ പോലെ അക്കാലത്തെ വലിയ ധനാഢ്യരാരെങ്കിലും കൊള്ളക്കാരെ ഭയന്ന് ഭൂമിക്കടിയിൽ ഭദ്രമായി സൂക്ഷിച്ചുവച്ചതായിരിക്കാം. ഈ നാണ്യശേഖരം. അതുപോലെ ഇവിടെ പലേടത്തും മണ്ണിനടിയിൽനിന്ന് പലർക്കും പണ്ട് നിധി കിട്ടിയിട്ടുണ്ടത്രേ. ടിപ്പുവിന്റെ പടയോട്ടക്കാലത്തും മറ്റും ചിറ (മൺഭരണി) കളിലാക്കി പൊന്നും പണവുമൊക്കെ ഭൂമിക്കടിയിൽ കുഴിച്ചിട്ടിട്ടായിരുന്നു പലരും പലായനം ചെയ്തിരുന്നത്. ഇത്തരം നിക്ഷേപങ്ങളാണ് ഏറെക്കാലം കഴിഞ്ഞ് ‘നിധി’ എന്ന പേരിൽ, വീടിനും മറ്റും കുഴിയെടുക്കുമ്പോൾ കണ്ടെടുക്കപ്പെടുന്നത്.
വള്ളുവള്ളിയെ കീറിമുറിച്ചുകൊണ്ടാണ് പെരിയാറിന്റെ കൈവഴിയായ ‘നീറിക്കോടുപുഴ’ ഒഴുകുന്നത്. പണ്ടിവിടെ മുഴുവൻ പാടങ്ങളും ചതുപ്പുകളുമായിരുന്നു. കൃഷി ക്ഷയിക്കുകയും ചതുപ്പു നിലങ്ങളൊക്കെ പുരയിടങ്ങളായി മാറുകയും ചെയ്തിരിക്കുന്നു ഇപ്പോൾ.

Comments
Post a Comment