പെരുംമ്പടന്ന - അയ്യൻ കുളം


അയ്യൻ കോട്ടം 
അയ്യൻ കാവ് 
അയ്യൻ കുന്ന് 
അയ്യൻ കുളം 
എന്നൊക്കെ അറിയപ്പെട്ടിരുന്ന 
ഒരു സ്ഥലമാണ് 
പെരുമ്പടന്ന സ്‌കൂളും പരിസരവും. 
പെരുംമ്പടന്ന എന്നത് 
വലിയ ഉപ്പളത്തിൽ നിന്നോ 
വലിയ ചതുപ്പിൽ നിന്നോ ഉദ്ഭവിച്ച പേരാണെന്ന് പറയുന്നവർ 
അതി പുരാതനമായ അയ്യൻ പേരിനെ കാണാതെ പോകുകയാണ്. 
പെരുമ്പടന്നയിൽ  പ്രാചീനമായ 
ഒരു നിർമ്മിതിയുടെ അവശിഷ്ട്ടങ്ങൾ 
ഇപ്പോഴും അയ്യൻ പേരിന് 
നേർ സാക്ഷ്യമാണ്. 
അയ്യൻ പേരിനെ 
പെരുമ്പടന്നയാക്കി മാറ്റിയത് 
വൈദിക താല്പര്യക്കാരുടെ 
ചരിത്ര കയ്യേറ്റമാകാൻ സാദ്ധ്യതയുണ്ട്. 
1924 ലെ വലിയ വെള്ളപ്പൊക്കത്തിൽ പോലും അയ്യങ്കുന്ന്‌ മുങ്ങിയിരുന്നില്ല എന്ന് പഴമക്കാർ പറയുന്നു. 
അന്നത്തെ വെള്ളപ്പൊക്കത്തിൽ
അയ്യൻ  കുന്നിലാണ് 
നിരവധിപേർ അഭയം തേടിയതത്രെ. 
ഇന്നിപ്പോൾ കുന്നില്ല. 
ചെറിയൊരു പൊക്കം മാത്രം. 
കുളം പണ്ടേ നികന്നുപോയി.  
മേൽ നിർമ്മിതിയില്ലാത്തതും 
തകർന്നു പോയതുമായ 
ജൈന ബുദ്ധ ബന്ധമുള്ള 
കാവോ കോട്ടമോ ആയിരുന്നിരിക്കണം 
അയ്യന്റെ ഇരിപ്പിടം. 
അയ്യൻ എന്നാൽ ബുദ്ധൻ തന്നെ.  
അയ്യൻ അയ്യപ്പൻ ശാസ്തൻ ചാത്തൻ 
നീലൻ കുട്ടൻ കറുപ്പൻ അർഹതൻ 
എന്നിങ്ങനെ നിരവധി പേരുകളിൽ 
ബുദ്ധ ജൈന കേന്ദ്രങ്ങളിൽ 
വിവിധ രൂപ മാതൃകകൾ സ്ഥാപിക്കപ്പെട്ടിരുന്നു.
കാവുകളുടെ സ്ഥാപനവും സംരക്ഷണവും 
ബുദ്ധ ജൈന കാലത്ത് ഉദ്ഭവിച്ചതാണെന്നു 
വിവിധ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. 
അയ്യങ്കാവിനെ ചിലർ അയ്യങ്കോഴി ആക്കിയിരുന്നു. 
പെരുമ്പടന്നയിലെ സ്‌കൂളിനെ 
അയ്യങ്കോഴി സ്കൂൾ എന്ന് വിളിച്ചിരുന്നതായി 
പ്രായമായവർ പറയുന്നു. 
കാവ് അല്ലെങ്കിൽ കോട്ടം 
ഇരിക്കുന്ന സ്ഥലം 
ഇപ്പോൾ കുടുംബി സമുദായത്തിൽപ്പെട്ട 
പാത്രയിൽ കുടുംബക്കാരുടെ കൈവശമാണ്. 
പാത്രയിൽ കുടുംബക്കാർ ഇവിടെ വന്നിട്ട് 
ഏകദേശം നൂറ്‌ വർഷത്തോളമായി. 
അയ്യൻ കുളം നികത്തി വീടുകൾ വെച്ചു. 
അയ്യൻ അഥവാ ബുദ്ധൻ ഇരിക്കുന്ന ഇടം 
ഇപ്പോഴും ചെറിയൊരു കുന്നാണ്. 
പുരാതന നിർമ്മിതിയുടെ അവശിഷ്ടങ്ങൾ 
പലയിടത്തായി ചിതറി കിടക്കുന്നുണ്ട്. 
ചിതറിപ്പോയ ശിലാ ഖണ്ഡങ്ങൾ 
പെറുക്കി കൂട്ടിയതിന് മുകളിൽ 
അയ്യൻ ഇരിക്കുന്നു. 
പണ്ടെപ്പോഴോ തകർക്കപ്പെട്ട 
ബുദ്ധ കേന്ദ്രമാണിത്. 
തകർത്തതിന്റെ ഉത്തരവാദിത്തം 
ടിപ്പുവിന്റെ പടയോട്ടകാലത്തെന്ന് 
പറയുന്നവരുണ്ട്. 
എന്നാൽ ബ്രാഹ്മണിക അധിനിവേശത്തിൽ 
കീഴാള ബുദ്ധ ജൈന ആലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും അവഗണനയും ആയിരുന്നിരിക്കണം 
അയ്യങ്കാവിന്റെ തകർച്ചക്ക് കാരണം
എന്ന് പറയുന്നവരുമുണ്ട്.  
മേൽക്കൂരകൾ ഇല്ലാത്ത വിഗ്രഹങ്ങൾ 
ജൈന സംസ്കൃതിയുടെ 
ഭാഗമായിരുന്നു എന്നതിനാൽ 
പണ്ടേ ഇവിടെ മേൽക്കൂര 
ഇല്ലായിരുന്നുവെന്നും അനുമാനിക്കാവുന്നതാണ്. 
ജൈന ആരാധാനാലയങ്ങൾ 
മഴയും വെയിലും കൊള്ളുന്ന 
മേൽ തട്ടുകൾ ഇല്ലാത്ത
തുറന്ന ഇടങ്ങളിൽ ആയിരുന്നുവെന്ന് 
ചരിത്ര പുസ്തകങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 
ഒരു നൂറ്റാണ്ടിനടുത്ത് കൈവശാവകാശമുള്ള 
പാത്രയിൽ കുടുംബക്കാരുടെ ഭൂമിയിൽ 
ഇരിക്കുന്ന അയ്യന്റെ പേരിൽ
പലരും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. 
അത് സംബന്ധമായി കേസും നടക്കുന്നുണ്ട്. 
പറവൂരിലെ ശ്രമണ സംസ്കൃതിയിൽ 
പ്രഥമ സ്ഥാനം പെരുമ്പടന്നക്കുണ്ടായിരുന്നു 
എന്നതിന്റെ ഏറ്റവും പ്രധാന തെളിവാണിത്. 
.





 

Comments