പറവൂർ 'തട്ടുകടവ് ഒരു കാലത്ത് രാജാക്കന്മാരും നാടുവാഴികളും ദിവാന്മാരും രാഷ്ട്രീയ നേതാക്കളും, മറ്റു പ്രമുഖരും ജലമാർഗം വന്നിറങ്ങിയിരുന്ന ഇടം


ഇത് പ്രസിദ്ധമായ പറവൂർ 'തട്ടുകടവ് '.
ഒരു കാലത്ത് രാജാക്കന്മാരും നാടുവാഴികളും ദിവാന്മാരും രാഷ്ട്രീയ നേതാക്കളും, മറ്റു പ്രമുഖരും ജലമാർഗം വന്നിറങ്ങിയിരുന്ന ഇടം.1979-ൽ എടുത്ത തട്ടുകടവിന്റെ ചിത്രമാണിത്.ഇതിൽ തട്ടില്ല. മേൽക്കൂരയോടുകൂടി നിർമ്മിച്ചിരുന്ന തട്ടിന്റെ പലകകൾ ആരൊക്കെയോ കൊണ്ടുപോയി. മേൽക്കൂര നശിച്ചു. അവസാനം ചരിത്രത്തിന്റെ മൂകസാക്ഷിയായി നാല് തൂണുകൾ മാത്രം! ഒരു കാലത്ത് പറവൂരിന്റെ വ്യാപാര ഭൂപടത്തിൽ മുഖ്യ സ്ഥാനം അലങ്കരിച്ചിരുന്നു പെരിയാറിന്റെ കൈവഴിയായ തട്ടുകടവ് പുഴ. എഴുപതുകളുടെ അപ്പുറത്തെ പ്രധാന ജലപാത . നൂറു കണക്കിന് ജല യാനങ്ങൾ ഇവിടെ വന്നു പോകുമായിരുന്നു. രാജാക്കന്മാർ ദിവാന്മാർ നാടുവാഴികൾ മുറ ജപങ്ങൾക്കും മറ്റുമായി കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിൽ നിന്നുമുള്ള ബ്രാഹ്മണർ തെക്കൻ ദേശങ്ങളിലേക്കു പോകുന്നത് ഇതുവഴി ആയിരുന്നു. തേക്ക് നിന്ന് വടക്കോട്ടും ഇതേ പാതയാണ്
അവർ ഉപയോഗിച്ചിരുന്നത്. കേരളത്തിലെ നാട്ടു രാജാക്കന്മാരിൽ ബ്രാഹ്മണരായ രണ്ടു രാജാക്കന്മാരിൽ ഒന്ന് പറവൂർ രാജാവായിരുന്നതിനാലും പറവൂർ രാജ്യം ജലപാതയോട് ചേർന്ന് നിൽക്കുന്നതിനാലും ഇതുവഴി കടന്നു പോകുന്ന രാജാക്കന്മാരും ബ്രാഹ്മണരും പറവൂർ രാജാവിന്റെ ആദിത്യം സ്വീകരിക്കുകയും പറവൂരിൽ വിശ്രമിക്കുകയും ചെയ്യുമായിരുന്നു. ഇവരൊക്കെ വന്നിറങ്ങിയത് തട്ടുകടവിലായിരുന്നു. അവർക്ക് വേണ്ടിയാണ് മേൽക്കൂരയോട് കൂടിയ തട്ടുകൾ നിരത്തിയ കടവ് പറവൂർ രാജാവ് നിർമ്മിച്ചത്. ഇവിടെ വരുന്ന പ്രമുഖരുടെ താമസത്തിനും വിശ്രമത്തിനുംകൂടി വേണ്ടിയാണ് രാജാവ് കണ്ണൻകുളങ്ങര കൊട്ടാരം നിർമ്മിച്ചത്. പിന്നീടിത് പ്രമുഖ വാണിജ്യ കേന്ദ്രമായി. ഒരു മിനി പോർട്ടായിരുന്നു തട്ടുകടവ്. കടലിൽ നിന്നും മത്സ്യ വള്ളങ്ങൾ നേരിട്ട് തട്ടുകടവിൽ വരുമായിരുന്നു. തരകന്മാർ വഴിയാണ് വിൽപ്പന നടത്തിയിരുന്നത്. തെക്കിനേടത്തുകാരുടെ ഓയിൽ മില്ലിൽ നിന്നുള്ള വെളിച്ചെണ്ണ വിവിധ മാർക്കറ്റുകളിലേക്കു കൊണ്ട് പോകുന്നതിനും റേഷൻ വിതരണത്തിനുള്ള അരിയുടെ സംഭരണത്തിനും മറ്റുമായി നൂറു കണക്കിന് വള്ളങ്ങൾ സദാസമയവും ഇവിടെ എത്തിക്കൊണ്ടിരുന്നു.
കുണ്ടൂരിൽ നിന്നുമുള്ള സെന്റ് മേരി ബോട്ട് യാത്രക്കാരുമായി ഇവിടെ വരുമായിരുന്നു. എറണാകുളത്തേക്കും ബോട്ട് സർവീസുണ്ടായിരുന്നു.
ആധുനിക മോട്ടോർ വാഹനങ്ങളുടെ വരവോടെ തട്ടുകടവിലെ കയറ്റിറക്കുമതി അവസാനിച്ചു. റേഷൻ ഗോഡൗണുകളിലും, ചന്തയിലും ജലമാർഗമുള്ളവരവ് നിലച്ചു.തട്ടുകടവ് ഇരുളടഞ്ഞ കടവായി മാറി. പക്ഷേ, കാലം അതിന്റെ ദൗത്യം പുന:രാരംഭിച്ചു. കടവിന് പുതുജീവൻ വരാൻ തുടങ്ങി.ഇപ്പോൾ മുസ്സരീസ് ടൂറിസ്സം പദ്ധതി ആരംഭിച്ചതോടെ തട്ടുകടവിനു പുതിയ മുഖം വന്നു.ടൂറിസ്റ്റുകളുടെയും, സന്ദർശകരുടെയും ഇടമായി കാലം തട്ടുകടവിനെ മാറ്റിയെടുത്തു!

ഫോട്ടോ:പുതിയതും പഴയതും.
കാർട്ടൂണിസ്റ്റ് പറവൂർ ശിവന്റെ ശേഖരത്തിൽ നിന്നും എടുത്തത്
.


 

Comments